മാരാമണ്‍ കണ്‍വണ്‍ഷന്‍ 2011
1895–ല്‍ സമാരംഭിച്ച മാരാമണ്‍ കണ്‍വണ്‍ഷന്റെ 116-ാമത് യോഗം ദൈവാനുഗ്രഹത്താല്‍ 2011 ഫെബ്രുവരി 13 മുതല്‍ 20 വരെ മാരാമണ്‍ മണല്‍പ്പുറത്തു തയ്യാറാക്കിയ പന്തലില്‍ വച്ച് നടത്തപ്പെട്ടു. നമ്മുടെ സഭയിലെ അഭിവന്ദ്യ തിരുമേനിമാരും, മറ്റു സഭാമേലദ്ധ്യക്ഷന്മാരും കൂടാതെ ദൈവശാസ്ത്ര പണ്ഡിതരും പ്രസിദ്ധ സുവിശേഷപ്രസംഗകരുമായ ആര്‍ച്ച് ബിഷപ്പ് റോജര്‍ ഹെഫ്റ്റ് (ഓസ്‌ട്രേലിയ), പ്രൊഫ. ഡോ. എന്‍ . ബാര്‍ണി പിറ്റിയാന (ദക്ഷിണാഫ്രിക്ക), റവ. കാനന്‍ പീറ്റര്‍ മെയ്ഡന്‍ (ഇംഗ്ലണ്ട്), റവ. ഡോ. ഉള്‍ഫ് എക്മാന്‍ (സ്വീഡന്‍ ), ഡോ. ആര്‍ . രാജ് കുമാര്‍ (ന്യൂഡല്‍ഹി) എന്നിവര്‍ ഈ വര്‍ഷത്തെ കണ്‍വണ്‍ഷനില്‍ മുഖ്യപ്രസംഗങ്ങള്‍ നിര്‍വഹിച്ചു.
ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച ഉച്ചക്ക് 2.30-നുള്ള യോഗത്തോടുകൂടി ഈ വര്‍ഷത്തെ കണ്‍വണ്‍ഷണ്‍ഷന്‍ യോഗങ്ങള്‍ ആരംഭിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 ന് കുട്ടികളുടെ യോഗങ്ങളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ബൈബിള്‍ ക്ലാസ്സുകളും നടന്നു. 10.30 നും ഉച്ച കഴിഞ്ഞ് 2.30നും സന്ധ്യയ്ക്ക് 7.00നും പൊതുയോഗങ്ങള്‍ ക്രമീകരിച്ചിരുന്നു. തിങ്കള്‍ , ചൊവ്വ, ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ 5 വരെ കുടുംവേദി യോഗങ്ങളും ബുധനാഴ്ച മദ്യ വിമുക്തര്‍ക്കായുള്ള യോഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ യുവവേദി യോഗങ്ങളും കമീകരിച്ചിരുന്നു. പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്ക് സമര്‍പ്പിച്ച കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ ഫെബ്രുവരി 18,19 തീയതികളില്‍ (വെള്ളി, ശനി ദിവസങ്ങളില്‍ ) രാവിലെ 7.30ന് കോഴഞ്ചേരി മാര്‍ത്തോമ്മ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. ശനിയാഴ്ച രാവിലത്തെ യോഗം മലങ്കര സഭയിലെ നവീകരണത്തിന്റെ 175-ാം വാര്‍ഷിക സമ്മേളനമായി നടത്തപ്പെട്ടു. 20-ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞുള്ള യോഗത്തോടുകൂടി ഈ വര്‍ഷത്തെ കണ്‍വണ്‍ഷന്‍ അവസാനിച്ചു.